Society Today
Breaking News

തിരുവനന്തപുരം: എരുമേലിയിലും കൊല്ലത്തും ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടമായ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വനം വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്.ഒ.പി) തയാറാക്കാന്‍ തീരുമാനിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഒ.പി മൂന്ന് ദിവസത്തിനുള്ളില്‍ തയാറാക്കും.ഇതിനു പുറമേ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍: 18004254733 നിലവില്‍ വന്നു. വന്യജീവി ആക്രമണം സംബന്ധിച്ച് ഏത് സമയവും ജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ പരാതിപ്പെടാം. നിലവില്‍ വയനാട്, ഇടുക്കി, അതിരപ്പള്ളി പോലുള്ള വന്യജീവി സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.ടി) പ്രവര്‍ത്തനം ഇനി എരുമേലി ഉള്‍പ്പെടെ കൂടുതല്‍  ഹോട്ട്‌സ്‌പോട്ടുകളിലേക്ക്  വ്യാപിപ്പിക്കും.

പ്രശ്‌നമുണ്ടാകുമ്പോള്‍ മാത്രം മറ്റു സ്ഥലങ്ങളില്‍ നിന്ന് ആര്‍.ആര്‍.ടിയെ സംഘര്‍ഷ സ്ഥലത്ത് എത്തിക്കുന്ന പതിവിന് പകരം ഹോട്ട്‌സ്‌പോട്ടുകളില്‍ സ്ഥിരം ആര്‍.ആര്‍.ടിയെ വിന്യസിക്കുകയാണ് ലക്ഷ്യം.  ഇവര്‍ക്ക് ആധുനിക ഉപകരണങ്ങളും ക്യാമറയും ലഭ്യമാക്കും.  ഹോട്ട്‌സ്‌പോട്ടുകളില്‍ വനസംരക്ഷണ സമിതി, ജനജാഗ്രതാ സമിതി എന്നിവയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു സംഭവം നടന്നശേഷം പ്രതികരിക്കുന്നതിന് പകരം ഇത്തരം ആക്രമണങ്ങള്‍ മുന്‍കൂട്ടി തടയാന്‍ പര്യാപ്തമായ എസ്.ഒ.പി ആയിരിക്കും തയാറാക്കുക. കാട്ടുപോത്ത് സാധാരണ നിലയ്ക്ക് മനുഷ്യരെ ആക്രമിക്കുന്ന പതിവില്ലെന്നും ആക്രമണം എന്തുകൊണ്ട് സംഭവിച്ചു എന്ന് ശാസ്ത്രീയമായി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഉത്തരവിന്റെ സമയപരിധി ഈ മാസം 28 ന് അവസാനിക്കുന്നതിനാല്‍ അത്  ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു കൊണ്ട് ഉടന്‍ ഉത്തരവ് ഇറങ്ങും. മനുഷ്യവന്യമൃഗ സംഘര്‍ഷത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ നിയമനടപടികള്‍ സ്വീകരിക്കാനായി കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സാധ്യതകള്‍ ആരായുമെന്നും വനം മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Top